Pages

19 Feb 2011

നിങ്ങളെന്നെ മദ്യപാനിയാക്കി

2009 August:  അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. പതിവ്പോലെ അന്നും ഞാന്‍ അതിരാവിലെ 9 മണിക്ക് തന്നെ ഉറക്കം ഉണര്‍ന്നു. അതും എന്‍റെ സ്വന്തം ഇഷ്ടത്തിന് ഉണര്‍ന്നതല്ല.  ഉറക്കത്തില്‍ നിന്ന് ആരോ എന്നെ പൊക്കിയെടുത്ത് തറയിലിട്ടു.

" ഡാ ഇന്നല്ലേ നീ ഹോസ്പിറ്റലില്‍ പോകുന്നു എന്ന് പറഞ്ഞത്?"

ഓ അമ്മയായിരുന്നു എന്‍റെ ഉറക്കത്തിനു വിഘാതം ഉണ്ടാക്കിയത്.

ഫ്ലാഷ് ബാക്ക്
രണ്ടു ദിവസം മുന്‍പ് സ്വതവേ കറുത്ത എന്‍റെ കൈയ്യില്‍ ചില വെളുത്ത പാടുകള്‍. അമ്മയോടൊന്നു പറഞ്ഞതേയുള്ളു അടുത്ത നിമിഷം തന്നെ അമ്മയ്ക്ക് അറിയാവുന്നതും അറിയാന്‍ പാടില്ലാത്തതുമായ എല്ലാ ദൈവങ്ങളെയും വിളിച്ച് നേര്‍ച്ചകള്‍ തുടങ്ങി.

"അമ്മെ!! ഇത് വെറുമൊരു വെളുത്ത പാടല്ലേ, ഇത്രയ്ക്കെന്താ പ്രശ്നം? "

അമ്മയ്ക്ക് ഞാന്‍ വെളുക്കുന്നത് തീരെ ഇഷ്ടമല്ല എന്ന് തോന്നുന്നു.

അങ്ങനെ ഹോസ്പിറ്റലില്‍ പോകാന്‍ തീരുമാനിക്കേണ്ടി വന്നു.

Back to live
" അമ്മേ..... ഇന്ന് ചോവ്വഴ്ച്ചയല്ലേ? നല്ല ദിവസമല്ല.  നാളെ ഹോസ്പിറ്റലില്‍ പോയാല്‍ പോരെ?"


"പിന്നേ....!! നീ പെണ്ണ് കാണാനല്ലേ പോകുന്നത്!! എനിക്കെടാ."


"ശരി പോയേക്കാം".
ഒറ്റയ്ക്കെങ്ങനെയാ ഒരു ഹോസ്പിറ്റലില്‍ ചെന്ന് കയറുന്നത്?  ഒന്നുമില്ലെങ്കിലും ഡോക്ടര്‍ക്ക് എന്ത് തോന്നും?


അപ്പോഴാണ് കുറച്ച നാള്‍ മുന്‍പ് എന്‍റെ സുഹൃത്ത് സുഖേഷിനു എന്തോ സ്കിന്‍ problem ഉണ്ടെന്നും ഡോക്ടറെ കാണാന്‍ പോകുന്നെന്നും പറഞ്ഞത് ഓര്‍മ്മവന്നത്.

മൊബൈല്‍ എടുത്ത് അവനെ 'കുത്തി'
ഭാഗ്യം!!
അവന്‍ ഇത് വരെ ഡോക്ടറെ കണ്ടില്ല.
അവന്‍ ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. പക്ഷെ ആ ഡോക്ടറുടെ പേരോ കൃത്യ സ്ഥലമോ അവന് നിശ്ചയമില്ല. ആറ്റിങ്ങല്‍ കച്ചെരിനടയില്‍ എവിടെയോ ആണ് ആ ഡോക്ടറുടെ office എന്ന് അവന്‍ പറഞ്ഞു.

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ അയാളെ കണ്ടുപിടിച് ഞങ്ങളെ ചികിത്സിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം.

ഞാനും സുഖേഷും ചേര്‍ന്ന് ആറ്റിങ്ങലില്‍ ഒരു സെര്‍ച്ച്‌ നടത്തി.

"നോ രക്ഷ."


" ഈ ഡോക്ടര്‍ എന്താ ഒളിച്ചിരുന്നാണോ ചികിത്സിക്കുന്നത്?"

പിന്നീട് ഞങ്ങള്‍ ഒരു satellite survey നടത്തി.  അതില്‍ ഒരു പഴയ കെട്ടിടത്തില്‍ "അശ്വതി ഡിസ്പെന്‍സറി ". കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട്‌. ഭാര്‍ഗവിനിലയത്തിന്റെ ഒരു മിനി പതിപ്പ്.

കുപ്പതോട്ടിയിലും മാണിക്യം കാണുമെന്ന സത്യം പണ്ട് ബാലരമയില്‍ വായിച്ചത് സുഖേഷിന്റെ മനസ്സില്‍ വന്നു കാണണം.

" വാ അളിയാ കയറി നോക്കാം"

ഇതെന്താ തുണിക്കടയാണോ കയറിനോക്കിയിട്ട് ഇറങ്ങാന്‍?

" ശരി കയറാം"

അതൊരു പഴയ വീട് ആയിരുന്നു. അതിനെ ഇപ്പോള്‍ ഒരു ഡോക്ടറുടെ ഓഫീസി ആക്കി മാറ്റിയിരിക്കുകയാണ്.
ഞങ്ങള്‍ അവിടേക്ക് അയറി അവിടെ ബെഞ്ചില്‍ സിനിമാനടന്‍ കൊച്ചു പ്രേമനെ പോലൊരാള്‍ ഇരിക്കുന്നു (attender ആയിരിക്കും).
ഒന്ന് രണ്ട് ഈച്ചകളെയും ബെഞ്ചില്‍ ഇരിക്കുന്ന മനുഷ്യനെയുമല്ലാതെ ഒരു ജീവികളെയും ഞങ്ങള്‍ അവിടെ കണ്ടില്ല.


" ഡോക്ടര്‍........"
സുഖേഷ് ബെഞ്ചിലിരുന്ന ആളോട് ചോദിച്ചു.
" അകത്തുണ്ട്"


" സ്കിന്‍ ഡോക്ടര്‍ അല്ലെ ഇവിടെത്തെത്?"
"ഇവിടെത്തെ ഡോക്ടര്‍ എന്തും ചികിത്സിക്കും. സ്കിന്‍ ഉം ചികിത്സിക്കും"

അതെന്ത് ഡോക്ടര്‍ എന്തും ചികിത്സിക്കുന്ന ഡോക്ടര്‍?

"ഇവിടെ വെയിറ്റ് ചെയ്യണം" attender പറഞ്ഞു.

ഒരു 15 മിനിറ്റ് കഴിഞ്ഞ് അകത്തേക്ക് പോയ അയാള്‍ വന്നു പറഞ്ഞു ഡോക്ടറെ പോയി കണ്ടോളൂ എന്ന്.

എത്രയാ ഫീസ്‌? ഞങ്ങള്‍ അയാളോട് ചോദിച്ചു.

"100 രൂപയാ എല്ലാരും കൊടുക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുത്തോളൂ"

ഞങ്ങള്‍ പരസ്പരം നോക്കി.

അകത്തേക്ക് കയറി
അകത്ത് ചെന്നപോള്‍ മനസിലായി ഞങ്ങള്‍ വെയിറ്റ് ചെയ്യേണ്ടി വന്നതിന്റെ കാരണം.
ഡോക്ടറുടെ മുഖത്ത് ഉറക്കക്ഷീണം നിഴലിച് നില്‍ക്കുന്നു.
ഇയാള്‍ ഇന്നലെ മോഷണത്തിന് പോയിരുന്നോ? ഈ 11 എന്ന നേരം കേട്ട നേരത്ത് ഉറങ്ങാന്‍.

"എന്താ?"    ഡോക്ടര്‍
" ചുമ്മാ!!! ഇതിലെ പോയപ്പോള്‍ സാറിനു സുഖം ആണോ എന്നറിയാന്‍ കയറിയതാ".

അല്ല പിന്നേ ഡോക്ടറെ കാണാന്‍ വന്ന ഒരാളോട് എടുത്തടിച്ചത് പോലെ എന്താന്ന്.

"  എന്താ കുഴപ്പം".
"  അത്....... എന്‍റെ കയ്യില്‍ ചില വെളുത്ത പാടുകള്‍."

"  ശരീരത്ത് വേറെയെവിടെയെങ്കിലും ഇത്പോലുള്ള കളര്‍ ഉണ്ടോ?"
"ഉണ്ട് സര്‍ കൈ വെള്ളയ്ക്കും കാല്‍ വെള്ളയ്ക്കും ഇത്പോലുള്ള കളര്‍ ആണ്."

"  അതല്ല ഇത് പോലുള്ള പാടുകള്‍ ഉണ്ടോന്ന്?"
"  ഇല്ല ഡോക്ടര്‍"

" മീന്‍ കഴിക്കുമോ?"
"  കഴിക്കുമോന്ന്‍? ഒരു പുഴയിലെ മീന്‍ ഇവന്‍ ഒറ്റ ദിവസം കൊണ്ട് കഴിക്കും ". സുഖേഷ് ചാടികയറി പറഞ്ഞു.
ഛെ!!!! നാണക്കേടായി!!!

"  ടെന്‍ഷന്‍ ഉണ്ടോ?"
""  ഇല്ല അച്ഛന് പെന്‍ഷന്‍ ഉണ്ട് ".

"  തനിക്ക് ടെന്‍ഷന്‍ ഉണ്ടോന്ന്? "        ഡോക്ടര്‍ കുറച്ച് sound ഉയര്‍ത്തി ചോദിച്ചു.

ഞാന്‍ തല ചോറിഞ്ഞിരുന്നു ആലോചിച്ചു. എനിക്ക് tension ഉണ്ടോന്നോ?
SSLC പരീക്ഷയുടെ റിസള്‍ട്ട്‌ വരുന്നതിന്റെ തലേ ദിവസം പോലും എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല പിന്നെയല്ലേ ഡിഗ്രിയും കഴിഞ്ഞ് ഒരു ജോലിയും ഇല്ലാതെ തീറ്റയും ഉറക്കവുമായി സുഖജീവിതം നയിക്കുന്ന ഈ സമയത്ത്.

"  ഇല്ല സര്‍.  അങ്ങനെയൊരു സംഭവമേ ഇല്ല."


" മദ്യപാനം, സിഗരറ്റ് smoking ?"

" ഇല്ല"

ഡോക്ടര്‍ ഇതിലും തോറ്റു.
പക്ഷെ തോക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
"ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ മദ്യപിക്കും.   എന്നോട് അത് ഒളിക്കാന്‍ ശ്രമിക്കരുത്"
ഞാന്‍ സുഖേഷിനെ ഒന്ന് നോക്കി അവന്‍ ആ റൂമിലെ ചിലന്തികളുടെ എണ്ണം എടുത്ത് കൊണ്ടിരിക്കുകയാ.
"ഞാനെന്തിനാ ഡോക്ടറോട് ഒളിക്കുന്നത്?"


"  മദ്യപിക്കുന്നവര്‍ക്ക് വരുന്ന പ്രത്യേകതരം രോഗമാണിത്. അതിനാല്‍ നിങ്ങള്‍ മദ്യപിക്കും മദ്യപിക്കും മദ്യപിക്കും."       ഡോക്ടര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

"  ദൈവമേ!! സത്യത്തില്‍ ഞാന്‍ മദ്യപിക്കുമോ? എനിക്കും കണ്‍ഫ്യൂഷന്‍ ആയി."
ഞാന്‍ പതുക്കെ എണീറ്റു. ഒരു 100 രൂപ ഡോക്ടറുടെ മേശപുറത്തേക്ക് വച്ച്.
സുഖേഷും ചികിത്സ സ്വീകരിക്കാന്‍ വന്നതാണ്‌. എന്നെ ഇയാള്‍ മദ്യപാനി ആക്കിയെങ്കില്‍ സുഖേഷിനെ മയക്കുമരുന്നിനെങ്കിലും അടിമയാക്കും എന്ന് സ്വയം തിരിച്ചരിഞ്ഞുകൊണ്ടാണെന്ന് തോന്നുന്നു. അവനും ചാടി എഴുന്നേറ്റു.
ഞങ്ങള്‍ പുറത്തേക്ക് നടന്നു.
--------------------------------------------------------------------------------------------------------------------------------
ഞാന്‍ വീണ്ടും ആലോചിച്ചു

"  ഇനി ഒരുപക്ഷെ ഞാന്‍ മദ്യപിക്കുന്നവനാണോ? "
"  ഹേയ് അല്ല "
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
ഞങ്ങള്‍ ആദ്യം കണ്ട ആ മനുഷ്യനെ കണ്ണ് കൊണ്ട് ഞാനൊന്ന്‍ തിരഞ്ഞു.
അയാളെ കിട്ടിയില്ല പക്ഷെ എന്‍റെ  radar  ഇല്‍ പതിഞ്ഞത് ഡോക്ടറുടെ name board ആണ്.

അനില്‍കുമാര്‍ 
Psychiatrist from Australia
ഓസ്ട്രേലിയയില്‍ നിന്നുള്ള വട്ടിന്റെ ഡോക്ടര്‍ ആണ് കക്ഷി.

ഈ ഡോക്ടര്‍ " എന്തും" ചികിത്സിക്കും എന്ന് ബെഞ്ചില്‍ ഇരുന്നയാള്‍ പറഞ്ഞതിന്റെ രഹസ്യം ഇപ്പോഴല്ലേ മനസിലായത്.

3 Feb 2011

ഡോക്ടറും plaster ഉം പിന്നെ ഞാനും

 ഈ കഥയില്‍ ഞാനെന്തെങ്കിലും തമാശ പറയുന്നില്ല. എനിക്കുണ്ടായ ഒരു അനുഭവമാണ്‌ നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ വേണ്ടി ഞാനിവിടെ പോസ്റ്റുന്നത്.

ദൈവം നമുക്ക് ചില അപകടങ്ങള്‍ ഉണ്ടാക്കും അത് നമ്മളെ ചിലതൊക്കെ തിരിച്ചറിയാന്‍ സഹായിക്കും. 


ചില കാര്യങ്ങള്‍ നമ്മള്‍ വിശ്വസിക്കില്ല പരീക്ഷിച്ച് അറിഞ്ഞാല്‍ ഒഴികെ. ഒരു ദിവസം എന്‍റെ കാലിലെ എല്ലിന്റെ ബലത്തില്‍ എനിക്കൊരു വിശ്വാസകുറവ്. 
എന്നാല്‍ പിന്നെ ഒന്ന് പരീക്ഷിച്ചു കളയാം!!!
അങ്ങനെ പരീക്ഷിച്ചതിന്റെ ഫലമായി 2 ആഴ്ച plaster ഇട്ട് വീട്ടില്‍ കിടന്നു.

കൃത്യം 2 വര്‍ഷത്തിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു എന്‍റെ എല്ലിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്കും ഉത്കണ്ട ഉണ്ടെന്ന്. കാരണം അതെ എല്ലിന്റെ ബലത്തില്‍ ഒരു കാറിനും അതിന്റെ ഡ്രൈവര്‍ക്കും ഒരു സംശയം. അങ്ങനെ ഒരു കാറിന്റെ മുന്‍വശം എന്‍റെ കാലില്‍ പതിച്ചു.
accident നടക്കുന്നത് സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ നേരിടുന്നതോ കാണുന്നതോ ആദ്യമായിട്ടാണ്. 

ഒരു വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍മാരെ വിശ്വസിക്കുക എന്നതാണ്. അവര്‍ ഒഴിഞ്ഞു മാറിക്കോളും എന്ന വിശ്വാസത്തില്‍ നമ്മള്‍ വാഹനം overtake ചെയ്യുന്നു. അവര്‍ brake ചെയ്തോളും എന്ന് വിശ്വസിച്ച് നമ്മള്‍ മുന്നോട്ട് പോകുന്നു. പക്ഷെ ഇരു ഡ്രൈവര്‍മാരും പരസ്പരം ഇങ്ങനെ വിശ്വസിച്ചാലോ? ആ വിശ്വാസത്തിന്റെ ഫലമായി ഞങ്ങളും ഒരു കാറുമായി കൂട്ടിമുട്ടി. 

അതിന്റെ ഭാഗമായി ഞങ്ങള്‍ ice skating ചെയ്യുന്നവര്‍ ഐസില്‍ നിരങ്ങുന്ന അതെ മാതൃകയില്‍ ബൈക്കിലിരുന്നു നിരങ്ങി നോക്കി. കാലിന്റെ തൊലിയുടെ മോശമല്ലാത്ത ഒരു ഭാഗം റോഡില്‍ ഇരുന്നു.

രക്തം ഒലിപ്പിച് നിന്ന എന്നെ നോക്കി ബൈക്ക് ഓടിച്ചിരുന്ന എന്‍റെ ചേട്ടന്‍ ചോദിച്ചു
"എന്തെങ്കിലും പറ്റിയോ?" 

"ഇല്ല!.ഒന്നും പറ്റിയില്ല!. യാത്ര തുടരാം.................!!" 

മനസ്സില്‍ ഇതാണ് വന്നതെങ്കിലും വേദന കാരണം ഒന്നും പറഞ്ഞില്ല.


കാലിന്റെ ബാക്കി വന്ന ഭാഗത്തെയും എന്നെയും വഹിച്ചുകൊണ്ട് എന്‍റെ കാലിന്റെ ബലം പരിശോദിച്ച അതേ കാര്‍ കഴകൂട്ടത്തുള്ള  ഒരു hospital ലേക്ക് പാഞ്ഞു.

എന്‍റെ കാലില്‍ നിന്നും എന്‍റെ അനുമതിയില്ലാതെ ഒഴുകിയ രക്തം മുല്ലപെരിയറില്‍ നിന്നും കേരളത്തിന്റെ അനുമതിയില്ലാതെ തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തെ ഓര്‍മിപിച്ചു. 


കാര്‍ ഹോസ്പിറ്റലില്‍ എത്തി.
സമുദ്രനിരപ്പില്‍ നിന്നും 172 cm ഉയരവും ഭൂമിക്ക് ദിവസവും 80 കിലോയോളം ഭാരവും ഉണ്ടാക്കുന്ന എന്നെ ഒന്നും രണ്ടും പേരൊന്നും പിടിച്ചാല്‍ പൊക്കിയെടുക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയാകണം 4-5 പേര്‍ വന്ന് ലോഡിംഗ് തൊഴിലാളികള്‍ ചാക്ക് എടുത്ത് ഇടുന്ന ലാഘവത്തില്‍ എന്നെ തൂക്കിയെടുത്ത് വീല്‍ ചെയറില്‍ ഇട്ടു. 

ആഹ!! തൃപ്തിയായി!!

കുഞ്ഞുനാളിലെ ഒരുപാട് മോഹിച്ചതാണ് ഇതിലൊന്ന് കയറി 2 റൌണ്ട് അടിക്കണമെന്ന്. അതിനിപ്പോള്‍ ചാന്‍സ് കിട്ടിയിരിക്കുന്നു.

ഒരു ഫിലിം സ്റ്റാര്‍ കടന്നു പോകുമ്പോള്‍ ചുറ്റും നില്‍കുന്നവര്‍ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കുന്നത് പോലെ എന്നെയും എന്‍റെ വീല്‍ chair നെയും ചുമന്ന പെയിന്റ് അടിച്ചത് പോലെയിരിക്കുന്ന കാലിനെയും ആ ആശുപതിയില്‍ വന്നവരും പോകുന്നവരും അവിടത്തെ സ്ഥിരം ജീവികളും മാറി മാറി നോക്കുന്നു. വീണ്ടും വീണ്ടും നോക്കുന്നു.

x - ray എടുത്ത ശേഷം കട്ടിലില്‍ പ്രതിഷ്ടിച്ചിരുന്ന എന്നെ ഡോക്ടര്‍ പരിശോദിച്ചു. ഞാന്‍ ആ സമയം ചെറിയ മയക്കത്തില്‍ ആയിരുന്നു. 
ഹോട്ടലില്‍ ദോശ മറിച്ചിടുന്ന രീതിയില്‍ എന്‍റെ കാല്‍ അദ്ദേഹം തിരിച്ചും മറിച്ചും ഇട്ടു.

"plaster ഇടണം "

ആ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ഡോക്ടറെ ശ്രദ്ധിച്ചു  എവിടെയോ കേട്ടിട്ടുള്ള  ശബ്ദം എവിടെയോ കണ്ടുമറന്ന മുഖം.

" ദൈവമേ!!!!"

ഈ അവതാരമാണ് 2 വര്ഷം മുന്‍പ് ചെറിയൊരു കാല്‍ ഉളുക്കുമായി ബന്ധപ്പെട്ട നടന്നു ഹോസ്പിറ്റലില്‍ ചെന്ന എന്നെ plaster ഉം  വച്ചുകെട്ടി വികലാംഗനാക്കി വീട്ടിലെക്കയച്ചത്. ആറ്റിങ്ങലിലെ ഒരു ഹോസ്പിറ്റലില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ ആദ്യ plaster ചികിത്സ സ്വീകരിച്ചത്.

ആറ്റിങ്ങലിലെ "നല്ല നടപ്പുകാരായ" ഏകദേശം എല്ലാവരെയും plaster ഇടീച്ച് തീര്‍ന്നിട്ടാകണം അദ്ദേഹം കഴകൂട്ടത് എത്തിയിരിക്കുകയാണ്. 

"ഇയാള്‍ക്കെന്താ കഴിഞ്ഞ ജന്മത്തില്‍ സിമെന്റ് പണിയായിരുന്നോ? plaster ചെയ്യാന്‍ ഇത്ര ആവേശം"

അങ്ങനെ എന്‍റെ കാലില്‍ വീണ്ടും വീണു "plaster"

കൃത്യം 20 ആം  ദിവസം ഞാന്‍ plaster ഇളക്കാന്‍ ഹോസ്പിറ്റലില്‍ എത്തി.
എന്‍റെ plaster നേഴ്സ് ഇളക്കികൊണ്ടിരുന്നപോള്‍ എമര്‍ജന്‍സി റൂമിലേക്ക് ഒരാള്‍ കാലില്‍ വേദനയുമായി വരുന്നു. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എമര്‍ജന്‍സി റൂമില്‍ നിന്ന് ഡോക്ടറുടെ ശബ്ദം ഹോസ്പിറ്റലില്‍ മുഴങ്ങി കേട്ടു.

"Plaster ഇടണം"

-----------------------------------------------------------------------------------------------------------------------------------

വരാന്‍ പോകുന്ന ഒരുപാട് രോഗികളെയും കാത്ത് ഒരു കെട്ട് plaster കളുമായി അദ്ദേഹം കാത്തിരിക്കുകയാണ്..................................

14 Nov 2010

ഞാനും TECHNOPARK ലെത്തി

TECHNOPARK ഇല്‍ പ്രവര്‍ത്തിക്കുന്ന  Accentia technologies ltd. എന്ന സ്ഥാപനത്തിലേക്ക് ഡിഗ്രീ പാസ്സായ ഉദ്യോഗാര്‍ധികള്‍ക്ക് ഒരു അവസരം.  തൊഴില്‍വാര്‍ത്തയുടെ ആദ്യ പേജില്‍ കൊടുത്തിരിക്കുന്ന സ്ഥാപനത്തിന്റെ ഒരു പരസ്യം കണ്ടുകൊണ്ടാണ് എന്റെ ഒരു തിങ്കളാഴ്ച ആരംഭിച്ചത്.

"എടാ ചുമ്മാ കറങ്ങി നടക്കുന്ന സമയത്ത് ഈ ഇന്റര്‍വ്യൂവിന് നിനക്ക് പോയ്ക്കൂടെ" ഞാന്‍ തൊഴില്‍ വാര്‍ത്തയിലെ പരസ്യം ശ്രദ്ധിക്കുന്നത് കണ്ട്‌ അമ്മ ഇടപെട്ടു. തിങ്കളാഴ്ച ഞങ്ങള്‍ ഉറക്കം ഉണരുന്നതിനു മുന്‍പുതന്നെ അമ്മ തൊഴില്‍ വാര്‍ത്ത‍ പഠിച്ച് അതിലെ വിവിധ ജോലികളുടെയും വിശകലനം നടത്തിയിരിക്കും.

"ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് നിനക്ക് ഒരു എക്സ്പീരിയന്‍സ് ആകും, ഒന്നുമില്ലെങ്കിലും TECHNOPARK ല്‍ അല്ലെ "  അമ്മ ഉപദേശിച്ചു.

"ഒന്നുമില്ലെങ്കിലും TECHNOPARK ല്‍  അല്ലെ"
ഇത് എന്റെ തലയില്‍ ഒരു ബള്‍ബ്‌ കത്തിച്ചു.
TECHNOPARK എന്നൊരു സ്ഥാപനം കഴക്കൂട്ടത്ത് ഉണ്ടെങ്കിലും അതിനകത് നടക്കുന്നതെന്താണെന്ന് ഒരു പിടിയും നമുക്കില്ലായിരുന്നു.
TECHNOPARK ന്‍റെ അകത്ത് കയറുവാനും അവിടെയൊക്കെ ഒന്ന് ചുറ്റികറങ്ങാനും പറ്റിയ അവസരം എന്തിനാ വെറുതെ പാഴാക്കുന്നത്.
ജോലിയും കൂലിയും  ഇല്ലാതെ നടക്കുന്ന എന്‍റെ കുറെ കൂട്ടുകാരില്‍ നിന്നും ഡിഗ്രീ പാസ്‌ ആയ അഭിലാഷിനേയും ബൈകിന്റെ പുറകില്‍ വച്ച് കെട്ടി ഒരു ഞായറാഴ്ച TECHNOPARK നെ ലക്ഷ്യമാക്കി പോകാന്‍ ഞാന്‍ തീരുമാനിച്ചു.

9 മണിക്ക് എത്തിചേരണമെന്നാണ്  അവരുടെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്.  എല്ലാം റെഡി ആയി ഞാന്‍ ഇറങ്ങി.  എന്‍റെ അയല്‍ വീട്ടുകാരനാണ്  അഭിലാഷ്. Executive ഡ്രെസ്സും കടം വാങ്ങിയ ഷൂസും ഇട്ട് ഞാന്‍ അവന്റെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി.
ഒരു ചുമന്ന ടി ഷര്‍ട്ട്‌  നാലുപാടും നരച്ചിരിക്കുന്ന ജീന്‍സ്, ബുള്‍ഗാന്‍ താടി ( താടിയില്‍  അങ്ങും ഇങ്ങും നാലഞ്ച് രോമങ്ങള്‍ നില്‍ക്കുന്നു. അതിനാണ്...), നീണ്ട ചീകിയോതുക്കാത്ത മുടി.

"ദൈവമേ"
ഞാന്‍ അറിയാതെ വിളിച്ചുപോയി.
ഇവന്‍ ഒരുങ്ങി വന്നിരിക്കുന്നത് കണ്ടപ്പോള്‍ ഒരു ബുദ്ധിജീവി, ഫാഷന്‍ ഷോയിലെ ഡ്രസ്സ്‌ ഇട്ടുവന്നാല്‍ നമുക്ക് തോന്നാറുള്ള അമ്പരപ്പാണ് എനിക്ക് തോന്നിയത്.
നാലഞ്ച് ദിവസം മുന്‍പ് നേരിട്ട് വിളിച്ച അവനോടു ഇന്റര്‍വ്യൂവിന്റെ കാര്യം പറഞ്ഞിരുന്നു പക്ഷെ dressing എങ്ങനെയാവണം എന്ന് ഞാന്‍ പറഞ്ഞില്ല.

" നീ ഫാഷന്‍ ഷോയുടെ ഇന്റര്‍വ്യൂവിന് ആണോ പോകുന്നത്?" 
ഞാന്‍ ദയനീയമായി ചോദിച്ചു .

" ഈ വേഷത്തിനെന്താ കുഴപ്പം?"

" ഗംഭീരമായിരിക്കുന്നു"
വേറെ ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. എടുത്തു  ഉപയോഗിക്കാന്‍ എന്‍റെ കൈയില്‍ ആയുധങ്ങള്‍  ഇല്ലായിരുന്നു.
അങ്ങനെ ആറ്റിങ്ങലില്‍ നിന്നും യാത്ര തിരിച്ച വണ്ടി 9.15 ന് TECHNOPARK ന്‍റെ gate നു മുന്നിലെത്തി.  ഇന്ത്യയിലെ ആദ്യത്തെ IT പാര്‍ക്ക്‌.  വിസ്തൃതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ IT പാര്‍ക്ക്. ഒരു ദീര്‍ഘ നിശ്വാസവും വിട്ടു TECHNOPARK ന്‍റെ പടിവാതിലിലൂടെ ഞങ്ങള്‍ കടക്കാന്‍ പോകുകയാണ്. ഗേറ്റ് കടന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പ് ലഭിച്ചു.
സെക്യൂരിറ്റികാരുടെ വക
അകത്തു കടക്കണമെങ്കില്‍ ID card കാണിക്കണം പോലും
തൃപ്തിയായി.
ജോലി തരുന്നതിനു മുന്‍പ് ID card കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇതിനകതുണ്ടോ ചേട്ടാ എന്ന് ചോദിയ്ക്കാന്‍ എന്‍റെ നാക്ക് തീരുമാനിച്ചെങ്കിലും ഒരു സെക്യൂരിറ്റികാരന്റെ മീശ കണ്ട്‌ വിരണ്ട കണ്ണ് അതിനു വിലങ്ങുതടിയായി.

"സര്‍, ഇന്റര്‍വ്യൂ, TECHNOPARK"
"എന്ത്, ഓ, ഇന്റര്‍വ്യൂവിന് വന്നതാണോ? എങ്കില്‍ പൊയ്ക്കോളൂ"

"ശരി  ചേട്ടാ" അഭിലാഷ്

ഇവന് ശബ്ദം ഉണ്ടായിരുന്നോ? സെക്യൂരിറ്റികാരന്‍ തടഞ്ഞതിന് ശേഷം ഇപ്പോഴാണ്‌ അവന്‍ വായ് തുറക്കുന്നത്.
അങ്ങനെ ഞങ്ങള്‍ TECHNOPARK നിള ബില്‍ഡിംഗ്‌ഗിലെ Accentia യുടെ ഓഫീസിനു മുന്നിലെത്തി
beverages ഷോപ്പിനു മുന്നിലെ പുരുഷന്‍ മാരുടെ ക്യൂവിനെയും മാവേലി സ്റ്റോറിനു മുന്നിലെ സ്ത്രീകളുടെ ക്യൂവിനെയും അനുസ്മരിപ്പിക്കുന്ന ക്യൂ ഓഫീസിനു മുന്‍പില്‍ കാണപ്പെട്ടു.
"സ്ഥലം മാറിപ്പോയോ?"
ഈ ക്യൂ കണ്ടപ്പോള്‍ തന്നെ അഭിലാഷിന്റെ മനസ്സ് നിറഞ്ഞു.
"നമുക്ക് പോകാം"
"എവിടെ"
"വീട്ടില്‍"
ആള്‍കൂട്ടം കണ്ടപ്പോള്‍ അഭിലാഷിന്റെ മനസ്സ് ഒന്നാം ക്ലാസ്സില്‍ ആദ്യമായി ചെന്ന കുട്ടി വീട്ടില്‍ പോകണമെന്ന് വാശി പിടിക്കുന്ന അവസ്ഥയിലെത്തി.
എന്തായാലും വന്നു, ഇനി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ട് പോകാം. അങ്ങനെ 10.30 ന് ഒരുവിധം അകത്ത് കയറി. അപ്പോഴാണ് അറിയുന്നത് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യണമെങ്കില്‍ ആദ്യം  written ടെസ്റ്റ്‌ പാസ്സ്ആകണമെന്ന്. അതില്‍ പാസ്സയവരെ ഇന്റര്‍വ്യൂവിന് കൊണ്ട് പോയി. അതില്‍ ഞങ്ങളും ഉണ്ടായിരുന്നു.
ഇനിയാണ് മെയിന്‍ കലാപരിപാടി. ഇന്റര്‍വ്യൂ. ഈ സാധനത്തെ ആദ്യമാണ് നേരിടുന്നത്. വീണ്ടും നീണ്ട കാത്തിരിപ്പ്.  കൃത്യം 1.30 ഓടുകൂടി ഞാന്‍ ഇന്റര്‍വ്യൂവിനായി വിളിക്കപ്പെട്ടു. മനസ്സില്‍ കാണാതെ പഠിച്ച് വച്ചിരുന്ന ഇംഗ്ലീഷ് വാക്യങ്ങള്‍ ചികഞ്ഞെടുത്തു.
OK
ബാക്കി ഇന്റര്‍വ്യൂ റൂമില്‍.
എന്‍റെ resume യില്‍ നോക്കികൊണ്ടിരുന്ന interviewer എന്‍റെ ഡിഗ്രീ പരീക്ഷയിലെ ഉഗ്രന്‍ മാര്‍ക്ക് കണ്ടിട്ടാവണം എന്നെയൊന്നു നോക്കി
'so you are a graduate, yes?'
അതെന്താ അങ്ങനെയൊരു സംശയം ഞാന്‍ graduate ആണോന്നോ?
എന്നിലെ B.COM കാരന്‍ ഞെട്ടിയുണര്‍ന്നു.
'അതെ' ഞാന്‍ സര്‍വശക്തിയുമെടുത് പറഞു എന്‍റെ ആദ്യ dialogue ല്‍ തന്നെ വെള്ളി വീണു. ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന് കരുതിയതാണ് എന്‍റെ ആദ്യ വാക്ക് തന്നെ മലയാളം.
അടുത്ത ചോദ്യം.
'Do you know anything about the company?'
'Yes sir, this is a medical transcription company'
ആണോ? എന്ന് അയാള്‍ ചോദിച്ചില്ല, ഭാഗ്യം.
next question
' Jiji, you are from attingal, we dont have any transportation facility to that side'
'Sir, i have bike with petrol, so i dont have any problem in transportation.'
ഞാന്‍ പറഞ്ഞൊപ്പിച്ചു.
{ bike i have so bus no need} ചുരുക്കി പറഞ്ഞാല്‍ ഇതാണ് ഞാന്‍ പറഞ്ഞത്.
'Are you willing to work at nights'
ഇവിടെയെന്താ മോഷണമാണോ നടത്തുന്നത് എന്ന മാന്യമായ സംശയമാണ് എനിക്ക് തോന്നിയത്.
'Yes definitely sir'
ഞാന്‍ അതിനും തയ്യാറാണ്.

'Ok jiji we will let you know'
എന്തോന്ന് അറിയിക്കാമെന്ന്?

കമ്പ്യൂട്ടര്‍നെയും ഇന്റര്‍നെറ്റ്‌നെയും മൌസിനെയും എന്തിനു cat നെ കുറിച്ച് വരെയും കാണാതെ പഠിച്ച് വച്ചിരിക്കുകയായിരുന്ന ഞാന്‍ മണ്ടനായി!!!!!   വീണ്ടും!!!!!
പുറത്തിറങ്ങിയപ്പോള്‍ അഭിലഷിനോട് ചോദിച്ചു. "എങ്ങനെയുണ്ടായിരുന്നു?"
'അവര്‍ എന്നോട് പത്തിരുപത് ചോദ്യം ചോദിച്ചു. ഞാന്‍ എന്തൊക്കെയോ പറഞ്ഞു'
അവനും വിഷമത്തിലാണ്.
അവന് ഒരുപാട് ചോദ്യം നേരിട്ടതിന്റെ ദുഃഖം എനിക്ക് ഒരു ചോദ്യവും കിട്ടാത്തതിന്റെ ദുഃഖം.
അങ്ങനെ ബിരിയാണി പ്രതീക്ഷിച്ചു പോയ ഞാന്‍ പട്ടിണി കിടന്ന അവസ്ഥയിലായി.
---------*--------------------------------------*-------------------------------*-----------------------------
2 ദിവസത്തിന് ശേഷം എന്‍റെ ഫോണില്‍ ഒരു കാള്‍ വന്നു.  Jiji, you are selected to join in Accentia as a medical transcription trainee. 
അങ്ങനെ ഞാനും TECHNOPARK ലെത്തി

4 Jul 2010

ക്രിക്കറ്റ്‌ ടീം തിരഞ്ഞെടുപ്പ്

ഞങ്ങളുടെ കോളേജില്‍ ക്രിക്കറ്റ്‌ ടീമില്‍ തിരഞ്ഞെടുത്തു എന്ന് വച്ചാല്‍ എന്തോവല്യ കാര്യമാണ്. ടീം സെലക്ഷന് ഫസ്റ്റ് ഇയര്‍ കുട്ടികള്‍ എല്ലാവരും തങ്ങളുടെ പ്രിയ ഗെയിം പൊടിതട്ടിയെടുത്ത് ഭാവി സച്ചിനും ശ്രീശാന്തും ആകാന്‍ ശ്രമിക്കും. എനിക്ക് ടീം സെലക്ഷനില്‍ കിട്ടിയ അനുഭവങ്ങളാണ് ഞാന്‍ ഇവിടെ പറയുന്നത്.
-----------------------------------------------------------------------------------------------

"ക്രിക്കറ്റ്‌ ടീം സെലക്ഷന്‍ ഉച്ചയ്ക്ക് ഒരു മണിക്ക്"
ഈ വാര്‍ത്ത കോളേജ്നോട്ടീസ് ബോര്‍ഡില്‍ കണ്ടപ്പോള്‍ തന്നെ എന്നിലെ സച്ചിന്‍ സട കുടഞ്ഞ്‌ എഴുന്നേറ്റു.
ഞാനും സംഘവും ഒരു മണിക്ക് മുന്‍പുതന്നെ ഗ്രൗണ്ടില്‍ എത്തിചേര്‍ന്നു. അങ്ങനെ പരിപാടി ആരംഭിച്ചു.
ആദ്യം ബാറ്റ് ചെയ്തത് എന്റെ ക്ലാസ്സിലെ തന്നെ രാജീവായിരുന്നു, ഒരാള്‍ക്ക് ഒരു ഓവറാണ് ബാറ്റ് ചെയ്യാന്‍അനുവദിച്ചിരിക്കുന്നത് അത് അവന്‍ ഭംഗിയായി നിര്‍വഹിച്ചു, ടീം സെലക്ഷന്‍നടത്തുന്ന ചേട്ടന്മാരെ മുന്‍പരിചയം ഉണ്ടായിരുന്നതിനാല്‍ അവര്‍ എന്നെ വിക്കറ്റ്കീപ്പര്‍ നിര്‍ത്തി. ഞാന്‍ ആഗ്രഹിച്ചത്‌ തന്നെയാണ് എനിക്ക് ഇപ്പോള്‍കിട്ടിയിരിക്കുന്നത്. 
ഇന്ദ്രന്സിന് ഓസ്കാര്‍ കിട്ടിയത് പോലെയാണ് ഞാന്‍പെരുമാറിയത് എന്ത് ചെയ്യണമെന്നു ഒരു പിടിയും കിട്ടുന്നില്ല. ടിവിയില്‍ ധോണികീപ്പ് ചെയ്യുന്നത് കണ്ടുള്ള പരിചയമേ എനിക്കുള്ളൂ. ആദ്യ ബോളില്‍ തന്നെ തീരെ എളുപ്പമുള്ള പണിയല്ല ഇതെന്ന് മനസിലായി. എന്റെ കൈയുടെ പല ഭാഗത്ത്‌ നിന്നും വെടിയും പുകയും വന്നു തുടങ്ങി. വളരെ താമസിയാതെ തന്നെ എനിക്ക്ബാറ്റ് ചെയ്യാനുള്ള അവസരം വന്നുചേര്‍ന്നു.
ആദ്യമായി ശൂന്യാകാശത്ത് പോകാനുള്ള jacket അണിഞ്ഞപ്പോള്‍ neil amstrong ന്ഉണ്ടായിക്കാനാനിടയുള്ള ഒരു വികാരമാണ് എനിക്ക്, പാഡുകളും gloves കളും ഹെല്‍മറ്റ് ഉം അണിഞ്ഞപ്പോള്‍ ഉണ്ടായത്. നില്‍ക്കാനും നടക്കാനും പറ്റുന്നില്ല.  
എല്ലാം ഒരു ഷാജി കൈലാസ് ഫിലിം പോലെ മൊത്തത്തില്‍ സ്ലോ മോഷന്‍ .  
ക്രീസില്‍ ചെന്ന് നിന്നു, രണ്ടു bowler മാര്‍ മാറി മാറിയാണ് എനിക്കുള്ള ആറുബോള്‍ എറിയുന്നത്. ഫാസ്റ്റ് bowlers ആണ് ബൌള്‍ ചെയ്യുന്നത്. 

ആദ്യത്തെ ബോള്‍ കീപ്പറുടെ ഗ്ലൌവില്‍ ഇടിച്ച ശബ്ദം കേട്ടപ്പോഴാണ് ബോള്‍ എറിഞ്ഞു കഴിഞ്ഞുഎന്ന് മനസിലായത്. ബാറ്റും അതിനെ പിടിച്ചിരുന്ന ഞാനും ഒരിഞ്ചുപോലും അനങ്ങിയില്ല.

രണ്ടാംബോള്‍ എറിയാന്‍ വരുന്നത് കോളേജിലെ ഏറ്റവും മികച്ച ബൌളര്‍ ആണ് . അവനെതിരെ ഒരു കിടിലം കവര്‍ ഡ്രൈവ് തന്നെ ഞാന്‍ നടത്തി. പക്ഷെ അതുംകീപ്പറുടെ കൈയില്‍ എത്തി.

തുടര്‍ച്ചയായി രണ്ടാം പന്തും ബാറ്റില്‍ കൊണ്ടില്ല . ഇങ്ങനെ പോയാല്‍ പറ്റില്ല, ഞാന്‍ മനസ്സില്‍ കരുതി.

മൂന്നാം ബോള്‍- കണ്ണടച്ചുകൊണ്ട് ഒരു വീശു വീശി. കണ്ണുതുറന്നു വീശിയ ഭാഗത്തേക്ക്‌നോക്കിയപ്പോള്‍ അങ്ങോട്ടൊന്നും ബോള്‍ പോയിട്ടില്ല. സംഗതി, ബോള്‍ ഞാ ന്‍ബോളിനെ പറത്താന്‍ ഉദ്ധെശിച്ചിരുന്നതിന്റെ എതിര്‍ ദിശയിലോട്ടാണ് പോയത്-edge ചെയ്തു ഫോര്‍ പോയി.

നാലാം ബോള്‍ എന്റെ കാലില്‍ ഇടിച്ചു-ബൌളര്‍ വന്‍ നിരശയിലായി-എന്റെ വിക്കെറ്റ് എടുത്തേ അടങ്ങൂ എന്ന വാശിയിലാണ് അവന്‍. പാഡ് കണ്ട്‌ പിടിച്ചവനെ ഞാന്‍ നന്ദിയോടെ സ്തുതിച്ചു- അവര്‍ അത് കണ്ട്‌ പിടിചിട്ടില്ലായിരുന്നെങ്കില്‍ എന്റെ കാലിന്റെ കാര്യത്തില്‍ ഒരുതീരുമാനമായേനെ.

അടുത്ത ബോള്‍ സത്യന്‍ അന്തിക്കാട്‌ ഫിലിം പോലെ ആര്‍ക്കുംഒന്നും സംഭവിപ്പിക്കാതെ കടന്നുപോയി. ആറാം ബോള്‍- എന്റെ വിക്കറ്റ്തെറിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചാണ് കോളേജിലെ മികച്ച ബൌളറുടെവരവ്. രാജധാനി എക്സ്പ്രസ്സ്‌ കടന്നു പോകുന്ന വേഗതയിലാണ് അവന്‍ ബൌള്‍ ചെയ്യാന്‍ വരുന്നത്.
 
എന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ അവന് ഇന്ത്യന്‍ ടീമില്‍സെലക്ഷന്‍ വാങ്ങിച്ചു നല്‍കാം എന്ന് ആരെങ്കിലും പറഞ്ഞോ എന്തോ?
 
അവന്‍ ബൌള്‍ചെയ്യാനുള്ള ക്രീസിന്റെ അടുതെത്തി അടുത്തനിമിഷം ഒരു  "ഉല്‍ക്ക" എന്റെ കാലില്‍ പതിച്ചു. എന്റെ നിലവിളി കോളേജ്നെ പ്രകമ്പനം കൊള്ളിച്ചു. ഓര്‍മ്മവരുമ്പോള്‍ സിനിമയില്‍ ആളുകളെ തല്ലാന്‍ കൊണ്ട് പോകുന്നത് പോലെ അഞ്ച് ആറ് പേര്‍ ചേര്‍ന്ന് എന്നെ എടുത്തു കൊണ്ട് പോകുന്നു.

---------------------------------------------------------------------------------------------
പിറ്റേന്ന് നോട്ടീസ് ബോര്‍ഡില്‍ ടീം ലിസ്റ്റ് ഇട്ടു. ഒരു ബോള് പോലും നേരെ ചൊവ്വേ ബാറ്റില്‍ കൊള്ളിക്കാത്ത ഞാനും ടീമില്‍. എന്റെ ഒരു "കാല്‍" രക്തസാക്ഷി ആകുന്നതില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. എന്നെ ഒരു "ഫുള്‍" രക്തസാക്ഷിആക്കിയേ ഇവന്മാര്‍ക്ക് മതിയാവൂ എന്ന് തോന്നുന്നു